Tuesday, December 30, 2014

ഗോതമ്പ് അട


ഗോതമ്പ് പൊടിയില്‍ ഉപ്പ്, വെള്ളം, ഒരു ടീസ്പൂണ്‍ നെയ്യ്  ഇവ ചേര്‍ത്ത് ദോശ ഉണ്ടാക്കാന്‍ പരുവത്തില്‍ മാവുണ്ടാക്കുക. നെയ്യ് ആവശ്യമെങ്കില്‍ മാത്രം ചേര്‍ത്താല്‍ മതി. അടക്കുള്ളില്‍ വെയ്ക്കാനുള്ള തേങ്ങയും പഞ്ചസാരയും ഏലയ്ക്കയും ചേര്‍ത്ത് ഇളക്കി വെയ്ക്കുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് ദോശ ഉണ്ടാക്കുക.ദോശഒരു വശം തിരിചിട്ടതിനു ശേഷം തേങ്ങ-പഞ്ചസാര മിക്സ് , ദോശയുടെ പകുതി ഭാഗത്ത് പരത്തി വെച്ച് ദോശ മടക്കുക. അട പാകത്തിന് രണ്ടു സൈഡും മൂപ്പിചെടുക്കുക. ചൂടോടെ ഉപയോഗിക്കുക.

പെപ്പര്‍-ചിക്കന്‍ മസാല


ആവശ്യമുള്ള സാധനങ്ങള്‍  

1. ചിക്കന്‍ - 1കിലൊ 
2. സവാള/ഉള്ളി - 400 ഗ്രാം  
3. ഇഞ്ചി - ഒരു കഷണം
4. വെളുത്തുള്ളി - വലിയ ഒരെണ്ണം
5. പച്ചമുളക് - 3

6. മല്ലിപ്പൊടി - 1.5 ടേബിള്‍സ്പൂണ്‍
7. മഞ്ഞള്‍പ്പൊടി  - കാല്‍ ടേബിള്‍സ്പൂണ്‍ 
8. കുരുമുളകുപൊടി -1ടേബിള്‍സ്പൂണ്‍ 
9. മല്ലിയില - 
10. തേങ്ങാപാല്‍ - 1 കപ്പ്‌
11. മസാല - 1 സ്പൂണ്‍

12. ഉപ്പ്, കറിവേപ്പില, എണ്ണ  എന്നിവ പാകത്തിന്
തയ്യാറെടുപ്പ് 
ഉള്ളി, പച്ചമുളക് ഇവ നീളത്തില്‍  ചെറുതായി അരിയുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതയ്ക്കുക. 
പാകം ചെയ്യുന്ന വിധം 
ഒരു പാത്രത്തില്‍  കടുക് വറുത്തു  ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ടു വഴറ്റുക.  വഴന്നു കഴിയുമ്പോള്‍ 6 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റുക.  ചിക്കന്‍ അതിലേക്കു ഇട്ടു വഴറ്റുക.  നന്നായി വഴന്നു കഴിയുമ്പോള്‍ ഉപ്പും, ചിക്കന്‍ വേവാന്‍ ആവശ്യമായ വെള്ളവും ചേര്‍ത്ത് ഇളക്കി വേവിക്കുക.  ചിക്കന്‍ വെന്തു കഴിയുമ്പോള്‍ മസാല കൂടി ചേര്‍ത്ത് അടച്ചുവെച്ചു ചെറുതീയില്‍ വേവിക്കുക. കറി വെന്തു കുറുകുമ്പോള്‍ തേങ്ങാപാല്‍ ചേര്‍ക്കുക. ഒരു പിടി മല്ലിയില  കൂടി ഇട്ടു ഇറക്കി വെയ്ക്കുക.  

Sunday, December 21, 2014

റാഗിപുട്ട്

 

അരി പൊടി(4 സ്പൂണ്‍ ), റാഗി പൊടി (കൂവരക് കഴുകി  ഉണക്കി പൊടിച്ചത്-2 സ്പൂണ്‍)  ഉപ്പ് , വെള്ളം ഇവ ചേര്‍ത്ത് പുട്ടിന്റെ പരുവത്തില്‍ കുഴക്കുക. തേങ്ങ ചിരകി വെയ്ക്കുക. മാവും തേങ്ങയും ഇടകലര്‍ത്തിയിട്ടു പുട്ട് ഉണ്ടാക്കുക.

ഗോതമ്പ്-കാരറ്റ് പുട്ട്


പുട്ടിനുവേണ്ടി ഗോതമ്പ് പൊടിയോ ആട്ടമാവോ (വറുത്തത് ) ഉപയോഗിക്കാം. ഒരു തവി ഗോതമ്പ് പൊടി എടുത്തു ഉപ്പും വെള്ളവും ഒരു നുള്ള് ജീരകം ചതച്ചതും  ചേര്‍ത്ത് പുട്ടിന്റെ പരുവത്തില്‍ കുഴക്കുക.കുറേശ്ശെ വെള്ളം ഒഴിച്ചു വേണംപൊടി നനയ്ക്കാന്‍. (നനവ് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം). പുട്ട്  സോഫ്ടാവാന്‍ വേണ്ടി ഇതു മിക്സിയിലിട്ടു അടിചെടുക്കണം. ഒരു കാരറ്റ് ഗ്രേറ്റ് ചെയ്യുക. തേങ്ങ ചിരകി വെയ്ക്കുക. പുട്ടിന്‍റെമാവും കാരറ്റും തേങ്ങയും ഇടകലര്‍ത്തിയിട്ട് ഇടലി പാത്രത്തില്‍ വെച്ചോ, പുട്ടു കുറ്റിയില്‍ ലയറായി ഇട്ടോ പുട്ട് ഉണ്ടാക്കാം.

Monday, November 17, 2014

ഇഞ്ചിക്കറി (സ്പെഷ്യല്‍)

ആവശ്യമുള്ള സാധനങ്ങള്‍
1. ഇഞ്ചി  -200 ഗ്രാം
2. ഉള്ളി - 100 ഗ്രാം 
3. പച്ചമുളക്-1
4.വറ്റല്‍ മുളക്- 2
5.മഞ്ഞള്‍ പൊടി - കാല്‍ ടി.സ്പൂണ്‍
6.മല്ലി പൊടി -2 ടി.സ്പൂണ്‍
7.മുളക് പൊടി - 1ടി.സ്പൂണ്‍
8. ഉപ്പു, കറിവേപ്പില  
9. പുളി -ആവശ്യത്തിന്
10.ശര്‍ക്കര - ആവശ്യത്തിന്
11. കായപൊടി -
12. വെളിച്ചെണ്ണ -
13. കടുക്
14. കറിവേപ്പില

തയ്യാറെടുപ്പ്
ഇഞ്ചിതൊലികളഞ്ഞു വട്ടത്തില്‍ കനംകുറച്ചരിയുക. ഉള്ളി,  പച്ചമുളക്  ഇവ വട്ടത്തില്‍ കനംകുറച്ചരിയുക. വറ്റല്‍മുളക് രണ്ടായി മുറിക്കുക.

പാകം ചെയ്യുന്ന വിധം
ഒരു ചീനച്ചട്ടി അടുപ്പത്തുവെച്ച് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വറുത്തു കോരുക. ഉള്ളിയും വറുത്തു കോരുക. രണ്ടും പൊടിച്ചുവെയ്ക്കുക . 
മഞ്ചട്ടി അടുപ്പത്തുവെച്ചു എണ്ണ ഒഴിക്കുക. കടുക് പൊട്ടിച്ച് വറ്റല്‍മുളകും വറുക്കുക. അതിലേക്ക് ഉപ്പ്, പുളി പിഴിഞ്ഞത്, ശര്‍ക്കര ഇവ ചേര്‍ത്ത് തിളപ്പിക്കുക. തിളവന്നു തുടങ്ങുമ്പോള്‍ മുളക്, മല്ലി, മഞ്ഞള്‍ ഇവ ചേര്‍ത്ത് വീണ്ടുംതിളപ്പിക്കുക. ഇതിലേക്ക് പൊടിച്ചത് കൂടി ചേര്‍ക്കുക. കറിവേപ്പില, കായം ഇവകൂടി ചേര്‍ത്ത് കുറുകി അച്ചാര്‍ പാകത്തിന് ഇറക്കി വെയ്ക്കുക.

Thursday, November 6, 2014

റവ ലഡ്ഡു

ഒരു പാത്രത്തില്‍ അല്പം നെയ്യ് ഒഴിച്ച്, റവ ഇട്ട് ഇളക്കുക. അതിലേക്ക് തേങ്ങ, പഞ്ചസാര, ഇവ ചേര്‍ത്ത് വറുക്കുക. അതില്‍ അണ്ടിപരിപ്പും മുന്തിരിയും ചേര്‍ക്കുക. ഇതിലേക്ക്  കുറേശെ പാല്‍ ചേര്‍ത്ത് ലൂസാവാതെ കുഴച്ച് ഉരുളകളാക്കി കഴിക്കുക.

കൊഞ്ച് ഫ്രൈ


കൊഞ്ച് കഴുകിവൃത്തിയാക്കി വെയ്ക്കുക. മഞ്ഞള്‍ പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഇഞ്ചി, വെളുത്തുള്ളി, ഗരം മസാലപൊടി, ഉപ്പ്  ഇവ ചേര്‍ത്തിളക്കി വെയ്ക്കുക. കൊഞ്ചില്‍ അരമണിക്കൂര്‍ ഈ മസാല പുരട്ടി വെച്ചതിനുശേഷം ഫ്രൈ ചെയ്തെടുക്കുക.

Tuesday, September 2, 2014

വഴുതനങ്ങ ഫ്രൈ

വഴുതനങ്ങ വട്ടത്തില്‍ അരിയുക. മുളകുപൊടി, മഞ്ഞള്‍ പൊടി, മസാലപൊടി, ഉപ്പ് ഇവ മിക്സ്‌ ചെയ്ത് വഴുതനങ്ങ കഷണങ്ങളില്‍ പുരട്ടി പത്തുമിനിട്ട് വെയ്ക്കുക. പാന്‍ അടുപ്പത്തുവെച്ചു വഴുതനങ്ങ കഷണങ്ങള്‍ ഫ്രൈ ചെയ്തെടുക്കുക.

Wednesday, August 27, 2014

മഷ്രൂം മസാല


ആവശ്യമുള്ള സാധനങ്ങള്‍
1. മഷ്രൂം - 200 ഗ്രാം
2. സവാള - 75 ഗ്രാം   
3. പച്ചമുളക് - 2 എണ്ണം
4. വെളുത്തുള്ളി - 4 അല്ലി
5. ഇഞ്ചി - ഒരു ചെറിയ കഷണം 
6. മുളകുപൊടി - അര സ്പൂണ്‍
7. മല്ലിപൊടി - 1 സ്പൂണ്‍
8. മഞ്ഞള്‍പൊടി - കാല്‍ സ്പൂണ്‍
9.കുരുമുളകുപൊടി - അര സ്പൂണ്‍
10. മസാല - അര സ്പൂണ്‍ 
11.ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
തയ്യാറെടുപ്പ്
സവാള ചെറിയ ചതുര കഷണങ്ങളാക്കി അരിയുക. പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി  എന്നിവ  ചെറുതായി അരിയുക. കുമിള്‍ വൃത്തിയാക്കി അരിഞ്ഞു വെയ്ക്കുക.
പാകം ചെയ്യുന്ന വിധം
ചീനച്ചട്ടി അടുപ്പത്തു വെച്ചു കടുക് വറുക്കുക.  പച്ചമുളക്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇവകൂടി വഴറ്റുക. അതിലേക്കു കുമിള്‍ ചേര്‍തു വഴറ്റുക. 6 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. ഉപ്പും കുമിള്‍ വേവാന്‍ ആവശ്യമായ വെള്ളവും ചേര്‍ത്തിളക്കി വെയ്ക്കുക. തിളയ്ക്കുമ്പോള്‍ മസാലയും ചേര്‍ക്കുക. കറി കുറുകി പാകമാകുമ്പോള്‍ കറിവേപ്പിലയിട്ട് അടുപ്പില്‍നിന്ന് ഇറക്കി വെയ്ക്കുക.