Tuesday, August 3, 2010

ബീന്‍സ് തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍
1. ബീന്‍സ് - 250 ഗ്രാം
2. സവാള - 1
3. പച്ചമുളക്-1
4. തേങ്ങ - അര മുറി
5. മഞ്ഞള്‍പൊടി - കാല്‍ ടിസ്പൂണ്‍ 
6. മുളകുപൊടി - അര ടിസ്പൂണ്‍
7.  ജീരകം - അര ടി.സ്പൂണ്‍
8. വെളുത്തുള്ളി- 3 അല്ലി
9. ഉപ്പ്, കറിവേപ്പില - പാകത്തിന് 
തയ്യാറെടുപ്പ്
ബീന്‍സ് കഴുകി കനംകുറച്ച് വട്ടത്തില്‍ അരിയുക. സവാളയും പച്ചമുളകും കനം കുറച്ചു ചെറുതായി അരിയുക.5 - 8 വരെയുള്ള ചേരുവകള്‍ ചതച്ചെടുക്കുക. 
പാകം ചെയ്യുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ ബീന്‍സ്, ഉള്ളി, അരപ്പ്, ഉപ്പ്, കറിവേപ്പില എന്നിവ മിക്സ്‌ ചെയ്തു വേവന്‍  ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് വേവിച്ചു തോത്തിയെടുക്കുക. ഒരു പാത്രത്തില്‍ കടുക് വറുത്തു തോരനിലിട്ടു ഇളക്കി എടുക്കുക.

Tuesday, July 27, 2010

മീന്‍ വറ്റിച്ചത്

ആവശ്യമുള്ള സാധനങ്ങള്‍ 
1. ചാള മീന്‍ - 20എണ്ണം 
2. ഉള്ളി- 100 ഗ്രാം
3. ഇഞ്ചി - ഒരു ചെറിയ കഷണം
4. തേങ്ങ- അര മുറി 
5. മഞ്ഞള്‍പ്പൊടി - അര ടി.സ്പൂണ്‍ 
6. കുരുമുളകു പൊടി- 2 ടി.സ്പൂണ്‍ 
7. ഉലുവാപ്പൊടി -കാല്‍ ടി.സ്പുണ്‍ 
8. മല്ലിപൊടി - 1 ടി.സ്പുണ്‍ 
9. വെളുത്തുള്ളി - 4 അല്ലി
10. പച്ചമുളക് - 3 എണ്ണം  
11. തക്കാളി - 1
12. വടക്കന്‍ പുളി, ഉപ്പ്, കറിവേപ്പില - പാകത്തിന്
തയ്യാറെടുപ്പ് 
വൃത്തിയാക്കിയ മീന്‍ രണ്ടു കഷണങ്ങളാക്കി മുറിച്ചുവെയ്ക്കുക. ഉള്ളി, പച്ചമുളക് ഇവ നീളത്തില്‍ കനം കുറച്ചു അരിഞ്ഞുവെയ്ക്കുക. ഇഞ്ചി കൊത്തിയരിയുക. തക്കാളി വലുതാക്കി നീളത്തില്‍ അരിയുക. 4 -9 വരെയുള്ള  ചേരുവകള്‍ ചതച്ചുവെയ്ക്കുക. 
പാകം ചെയ്യുന്ന വിധം
ഒരു മഞ്ചട്ടി എടുക്കുക. അതിലേക്കു മീന്‍, ഉള്ളി, പച്ചമുളക്, ഇഞ്ചി, തക്കാളി, അരപ്പ്, ഉപ്പ്, പുളി, കറിവേപ്പില, മീന്‍ വേവാന്‍ ആവശ്യമായ വെള്ളം ഇവ എല്ലാംകൂടി ഇളക്കി അടുപ്പത്തുവെയ്ക്കുക. വെന്തുപറ്റി കഴിയുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി ഉപയോഗിക്കുക.

Saturday, July 24, 2010

അപ്പം

ആവശ്യമായ സാധനങ്ങള്‍
1. പച്ചരി - 2 നാഴി
2. തേങ്ങ - 1
3. ചോറ് - 2 ടേബിള്‍ സ്പൂണ്‍  
തയ്യാറെടുപ്പ് 
പച്ചരി 4 മണിക്കൂര്‍ കുതിര്‍ത്ത് നന്നായി അരച്ചെടുക്കുക. തേങ്ങാവെള്ള ത്തില്‍ 2 സ്പുണ്‍ പഞ്ചസാരകൂടി ചേര്‍ത്ത് വെയ്ക്കുക. അത് ചേര്‍ത്ത് അരിയാട്ടിയാല്‍ കൂടുതല്‍ സ്വാദുണ്ടാകും.തേങ്ങ, ചോറ് എന്നിവ അരച്ച് ഇതില്‍ ചേര്‍ത്ത് നന്നായി ഇളക്കി വയ്ക്കുക.
പാകം ചെയ്യുന്ന വിധം 
രാവിലെ അപ്പം ചുടുന്നതിനു മുമ്പായി ഉപ്പ്, 2 ടീസ്പൂണ്‍ പഞ്ചസാര എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക. അപ്പച്ചട്ടി അടുപ്പത്തു വെച്ച് നന്നായി ചൂടാകുമ്പോള്‍ ഓരോതവി മാവു ഒഴിച്ച് ചട്ടി കൊണ്ടുതന്നെ കറക്കി പരത്തി  അടയ്ക്കുക. വേവുമ്പോള്‍ തുറന്നു പാത്രത്തിലേക്ക് മാറ്റുക. ഇതു സ്വാദിഷ്ടവും എളുപ്പത്തില്‍ തയ്യാറാക്കാവുന്നതുമാണ്.

Wednesday, July 21, 2010

പരിപ്പ് കറി

ആവശ്യമുള്ള സാധനങ്ങള്‍
1. ചെറുപയര്‍  പരിപ്പ് - 250 ഗ്രാം 
2. തേങ്ങ - ഒരു മുറി 
3. ഉള്ളി - 100 ഗ്രാം
4. പച്ചമുളക് - 3
5. മഞ്ഞള്‍പൊടി - അര ടി.സ്പുണ്‍ 
6. വെളുത്തുള്ളി - 5 അല്ലി
7. ജീരകം - അര ടി.സ്പുണ്‍
8.  നെയ്യ് - അര ടി.സ്പുണ്‍
9. ഉപ്പു,  കറിവേപ്പില - പാകത്തിന് 
തയ്യാറെടുപ്പ്  
ഉള്ളി, പച്ചമുളക് എന്നിവ ചെറുതായി കനംകുറച്ചു അരിഞ്ഞുവെക്കുക. ചേരുവകള്‍  2, 5,6,7 എന്നിവ  നന്നായി അരച്ചുവെക്കുക. 
പാകം ചെയ്യുന്ന വിധം
ഒരു മഞ്ചട്ടിയില്‍ പരിപ്പ് കഴുകി എടുക്കുക. ഉള്ളി, പച്ചമുളക്, കറിവേപ്പില ഇവ ചേര്‍ക്കുക.  പരിപ്പ് വേവാന്‍ ആവശ്യത്തിനു വെള്ളമൊഴിച്ച് ചട്ടി അടുപ്പത്തു വെക്കുക.  പരിപ്പ്  വെന്തു കഴിയുമ്പോള്‍ അരപ്പ് ചേര്‍ത്ത് ഉടയ്ക്കുക. പാകത്തിന് ഉപ്പും, വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. പരിപ്പ് കുറുകിയിരിക്കണം. തിളച്ചുകഴിയുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി വെയ്ക്കുക. നെയ്യ് ചേര്‍ക്കുക.  ഒരു പാത്രത്തില്‍ കടുക് വറുത്തു കറിയില്‍ ചേര്‍ക്കുക. 

Monday, July 19, 2010

നെയ്മീന്‍ കറി

ആവശ്യമുള്ള സാധനങ്ങള്‍
1. നെയ്മീന്‍ - 1കിലൊ
2. മുളകുപൊടി - 2 ടേബിള്‍ സ്പുണ്‍ 
3. മഞ്ഞള്‍പൊടി - അര ടീ സ്പുണ്‍
4. മല്ലിപ്പൊടി - 1 ടേബിള്‍ സ്പുണ്‍ 
5. ഉള്ളി - 8 എണ്ണം 
6. തേങ്ങ - 1എണ്ണം    
7. പച്ചമുളക് - 5
8. മാങ്ങാ - 1
9. ഉപ്പു, കറിവേപ്പില - പാകത്തിന് 
10. തക്കാളി - 1 
തയ്യാറെടുപ്പ് 
മാങ്ങാ കനം കുറച്ചു നീളത്തില്‍ അരിയുക. മാങ്ങയുടെ പുളിയനുസരിച്ച് പാകത്തിന് ചേര്‍ക്കണം. 2-6 വരെയുള്ള ചേരുവകള്‍ നന്നായി അരയ്ക്കണം. നെയ്മീന്‍ വലിയ കഷണങ്ങളാക്കുക. 
പാകം ചെയ്യുന്നവിധം 
ഒരു മഞ്ചട്ടി അടുപ്പത്തുവെച്ച് അരപ്പ് കലക്കി മീന്‍ വേകാന്‍ ആവശ്യത്തിനു  വെള്ളം ചേര്‍ത്ത് വെയ്ക്കുക. പച്ചമുളക്, ഉപ്പു, കറിവേപ്പില, മാങ്ങാ അരിഞ്ഞത് എന്നിവ ചേര്‍ക്കുക. നന്നായി തിളച്ചു കഴിയുമ്പോള്‍ മീന്‍ കഷണങ്ങള്‍  അതിലേക്കിടുക. മീന്‍ വെന്തുകഴിയുമ്പോള്‍ തക്കാളി അരിഞ്ഞിടുക. കറി നന്നായി കുറുകി എണ്ണ മുകളില്‍ തെളിയുമ്പോള്‍ കറിവേപ്പില ഇട്ടു ഇറക്കി വെയ്ക്കുക. കടുകുവറുത്തു ചേര്‍ത്താല്‍ സ്വാദ് കൂടും.

ഹെല്‍ത്തി വെജിറ്റബിള്‍ സലാഡ്

ആവശ്യമുള്ള സാധനങ്ങള്‍
1. കാബേജ് - 200 ഗ്രാം 
2. കാരറ്റ്- 100  ഗ്രാം
3. സവാള - 100 ഗ്രാം
4. ചെറുനാരങ്ങ-1
5. പച്ചമുളക്-1
6. ഉപ്പ് , കറിവേപ്പില 
പാകംചെയ്യുന്ന വിധം
കാബേജ് , കാരറ്റ്, സവാള ഇവ കനംകുറച്ച് ചെറുതായി അരിഞ്ഞ് ഒരു പാത്രത്തില്‍ എടുക്കുക. പച്ചമുളക് അരിഞ്ഞിടുക.അതിലേക്കു ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞതും, ഉപ്പും, കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കി സലാഡായി ഉപയോഗിക്കാം. നിമിഷങ്ങള്‍ക്കുള്ളില്‍ സ്വാദിഷ്ടമായ സലാഡ്  തയ്യാര്‍

കൊഞ്ച് തീയല്‍

ആവശ്യമുള്ള സാധനങ്ങള്‍
1. കൊഞ്ചു  - അര കിലോ 
2. ഉള്ളി - 200 ഗ്രാം 
3. പച്ചമുളക്- 3
4. ഇഞ്ചി - ചെറിയ കഷണം
5. വെളുത്തുള്ളി - ഇടത്തരം ഒരെണ്ണം 
6. തക്കാളി - 1
7. തീയ്യല്‍പ്പൊടി - 4 ടേബിള്‍ സ്പൂണ്‍
8. ഉപ്പു, കറിവേപ്പില  
9. മസാല - അര ടി.സ്പൂണ്‍  
തയ്യാറെടുപ്പ്
പച്ചമുളക്, ഉള്ളി, തക്കാളി ഇവ നീളത്തില്‍ ചെറുതായി അരിയണം. വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചിടുക. തേങ്ങ, മുളക്, മല്ലി, ഉലുവ, കുരുമുളക് ഇവ വറുത്തു തീയല്‍ പൊടി തയ്യാറാക്കുക. തീയല്‍പൊടി നന്നായി അരച്ചുവെയ്ക്കണം. തക്കാളി ഇടുന്നതിനു പകരം സ്വല്പം പുളി പിഴിഞ്ഞ് ചേര്‍ത്താലും മതിയാവും. 
പാകം ചെയ്യുന്ന വിധം
ഒരു മഞ്ചട്ടി അടുപ്പത്തുവെച്ച് കടുക് വറുക്കുക.അതിലേക്കു ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഇവചേര്‍ത്ത് വഴറ്റുക. വൃത്തിയാക്കി വെച്ചിരിക്കുന്ന കൊഞ്ച് കൂടി ഇട്ടു വഴറ്റുക. അരച്ച് വെച്ചിരിക്കുന്ന തീയല്പൊടി, കൊഞ്ച് വേവാന്‍ ആവശ്യമായ വെള്ളത്തില്‍ കലക്കി ചേര്‍ക്കുക. ഉപ്പു പാകത്തിന്   ചേര്‍ക്കുക. കൊഞ്ചു വെന്തു കഴിയുമ്പോള്‍ മസാലയും, തക്കാളിയും ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ അടച്ചു വേവിക്കുക.കറി കുറുകി പാകമാകുമ്പോള്‍ കറിവേപ്പില കൂടി ഇട്ടു അടുപ്പില്‍ നിന്നും ഇറക്കി വെയ്ക്കുക.

Saturday, July 17, 2010

ഉഴുന്നുവട സ്പെഷ്യല്‍


ആവശ്യമുള്ള സാധനങ്ങള്‍ 
1. ഉഴുന്ന് - 250 ഗ്രാം 
2. പച്ചമുളക് - 5
3. ഇഞ്ചി - 1 കഷ്ണം 
4. കുരുമുളക് - 10
5. ഉള്ളി - 75 ഗ്രാം 
6. ബീറ്റ് റൂട്ട് - ചെറിയ കഷണം
7. ഉപ്പു, കറിവേപ്പില - പാകത്തിന്  
തയ്യാറെടുപ്പ്
 പച്ചമുളക്, ഉള്ളി ഇവ ചെറുതായി അരിയണം. ബീറ്റ് റൂട്ട്, ഇഞ്ചി ഇവ കൊത്തിയരിയണം. കുരുമുളക് ചതച്ചിടണം. ഉഴുന്നു  3-4 മണിക്കൂര്‍ കുതിര്‍ത്ത ശേഷം അരച്ചെടുക്കുക
പാകം ചെയ്യുന്ന വിധം 
ഉഴുന്നു അരച്ചെടുത്തതിലേക്ക് 2 മുതല്‍ 7 വരയുള്ള ചേരുവകള്‍ ചേര്‍ത്തിളക്കി ഉരുട്ടാന്‍ പാകത്തിലാക്കുക. ശേഷം ഒരു പാത്രത്തില്‍ ഉരുളകളാക്കി വെയ്ക്കുക. വെള്ളം ചേര്‍ക്കാന്‍ പാടില്ല. ചീനച്ചട്ടി അടുപ്പത്തുവെച്ചു എണ്ണ  ഒഴിക്കുക.  എണ്ണ നന്നായി ചൂടായി കഴിയുമ്പോള്‍ ഉരുട്ടിയ ഉരുളകള്‍ ഒരാന്നായി എടുത്തു ഇടതു കയ്യില്‍വെച്ചു പരത്തി നടുവില്‍ വിരല്‍കൊണ്ട് ഓട്ടയും ഉണ്ടാക്കി എണ്ണയിലേക്കിടുക. ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുത്തു ഉപയോഗിക്കുക. ചട്ണി, സാംബാര്‍, പഴം ഇവ കൂടി  കഴിച്ചാല്‍ സ്വാദുണ്ടാകും.

Friday, July 9, 2010

ചിക്കന്‍ കറി ( നാടന്‍ )

 ആവശ്യമുള്ള സാധനങ്ങള്‍ 
1. ചിക്കന്‍ - 1കിലൊ 
2. ചെറിയ ഉള്ളി - 500 ഗ്രാം  
3. ഇഞ്ചി - ഒരു കഷണം
4. വെളുത്തുള്ളി - വലിയ ഒരെണ്ണം
5. പച്ചമുളക് - 3
6. മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍ 
7. മല്ലിപ്പൊടി - 2 ടേബിള്‍സ്പൂണ്‍
8. മഞ്ഞള്‍പ്പൊടി  - അര ടേബിള്‍സ്പൂണ്‍ 
9. കുരുമുളകുപൊടി - അര ടേബിള്‍സ്പൂണ്‍ 
10. മസാല - അര ടേബിള്‍സ്പൂണ്‍
11. തേങ്ങ - അര മുറി  
12. ഉപ്പ്, കറിവേപ്പില, എണ്ണ  എന്നിവ പാകത്തിന്
തയ്യാറെടുപ്പ് 
ഉള്ളി, പച്ചമുളക് ഇവ നീളത്തില്‍  ചെറുതായി അരിയുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതയ്ക്കുക. തേങ്ങ  കനം കുറച്ചു ചെറുതായി അരിയുക. 
പാകം ചെയ്യുന്ന വിധം 
ഒരു മണ്‍ചട്ടിയില്‍  കടുക് വറുത്തു തേങ്ങ കഷണങ്ങള്‍ ഇട്ടു വഴറ്റുക. തേങ്ങയുടെ നിറം മാറാന്‍ തുടങ്ങുമ്പോള്‍ ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ടു വഴറ്റുക.  വഴന്നു കഴിയുമ്പോള്‍ 6 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റുക.  ചിക്കന്‍ അതിലേക്കു ഇട്ടു വഴറ്റുക.  നന്നായി വഴന്നു കഴിയുമ്പോള്‍ ഉപ്പും, ചിക്കന്‍ വേവാന്‍ ആവശ്യമായ വെള്ളവും ചേര്‍ത്ത് ഇളക്കി വേവിക്കുക.  ചിക്കന്‍ വെന്തു കഴിയുമ്പോള്‍ മസാല കൂടി ചേര്‍ത്ത് അടച്ചുവെച്ചു ചെറുതീയില്‍ വേവിക്കുക.  കറി വെന്തു കുറുകി പാകമാകുമ്പോള്‍ ഒരു പിടി കറിവേപ്പില കൂടി ഇട്ടു ഇറക്കി വെയ്ക്കുക.   

Sunday, July 4, 2010

മുരിങ്ങക്കായ തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍ 
1. മുരിങ്ങക്കായ - 250ഗ്രാം
2. പച്ചമുളക് - 1
3. മുളകുപൊടി - അര ടീസ്പൂണ്‍ 
4. മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
5. വെളുത്തുള്ളി - 4 അല്ലി 
6. ജീരകം - കാല്‍ ടീസ്പൂണ്‍
7. തേങ്ങ - അര മുറി 
8. ഉള്ളി - 100 ഗ്രാം
9. എണ്ണ, ഉപ്പു , കറിവേപ്പില  - പാകത്തിന് 
തയ്യാറെടുപ്പ് 
മുരിങ്ങക്കാ
ചീകിയെടുത്ത് രണ്ടിച്ചു നീളത്തില്‍ കഷണങ്ങളാക്കുക. ഉള്ളി, പച്ചമുളക് ഇവ നീളത്തില്‍ കനം കുറച്ചു അരിയുക. 3 മുതല്‍ 7 വരയുള്ള ചേരുവകള്‍ ചതച്ചെടുക്കുക 
പാകം ചെയ്യുന്ന വിധം
മുരിങ്ങക്കായും, ഉള്ളിയും, പച്ചമുളകും  കൂടി ഒരു പാത്രത്തില്‍ എടുക്കുക.  അതിലക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന അരപ്പ്, ഉപ്പു, കറിവേപ്പില, മുരിങ്ങക്കായ വേവാന്‍ ആവശ്യമായ വെള്ളം ഇവ ചേര്‍ത്ത് ഇളക്കിവയ്ക്കുക. വെന്തു പാകമാകുമ്പോള്‍ കടുകുവരത്തിട്ടു ഇളക്കി ഉപയോഗിക്കുക.